കണ്ണൂർ:വ്യാജ വിമാന ടിക്കറ്റ് നൽകി ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ പേരാവൂരിലെ ട്രാവൽസ് ഉടമയായ യുവതിക്കെതിരെ ചിറ്റാരിക്കാൽ പൊലിസ് കേസെടുത്തു. ചിറ്റാരിക്കാൽ പാലവയൽ നിരത്തുംതട്ട് സ്വദേശനിയും നഴ്സുമായ യുവതിയുടെ പരാതിയിലാണ് പേരാവൂരിലെ ഫോർച്യൂൺ ട്രാവൽസ് ഉടമ മുരിങ്ങോടിയിലെ നീതു അനിൽകുമാറിനെതിരെ(32) പൊലിസ് കേസെടുത്തത്.

ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന യുവതിനാട്ടിലേക്ക് വരാനായി ഈക്കഴിഞ്ഞ മാർച്ച് 21-ന് പേരാവൂരിലെ ഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽറിൽ 2,95,000 ്രൂപയ്ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പരാതിക്കാരി മറ്റൊരു ടിക്കറ്റെടുത്താണ് നാട്ടിലെത്തിയത്.

നാട്ടിലെത്തിയ ഇവർ ചിറ്റാരക്കൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.സുഹൃത്തുക്കൾ മുഖേനെ പരിചയപ്പെട്ട നീതുവിൽ നിന്നും ഇതിനു മുൻപും പലതവണ യുവതി വിമാന ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. അന്ന് യുവതി മറ്റൊരുസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പിന്നീടാണ് പേരാവൂരിൽ സ്വന്തമായി ഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് ആരംഭിച്ചത്.

അതേ സമയം നീതു സമാനരീതിയിൽ വ്യാജവിമാനടിക്കറ്റ് നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്. പേരാവൂർ സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ എൺപതുലക്ഷത്തിന്റെ തട്ടിപ്പുകേസ് നിലവിലുണ്ട്.ഈകേസുകളിൽ ചിലതിൽ അറസ്റ്റിലായ യുവതി ഇപ്പോൾ റിമാൻഡിലാണ്.

പലരിൽ നിന്നുമായി ന്യൂസിലാൻഡിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുവെന്നകേസിൽപേരാവൂർ ഇൻസ്പെക്ടർ എം. എൻ ബിജോയ് കഴിഞ്ഞ മാസം നീതുവിനെ അറസ്റ്റു ചെയ്തിരുന്നു. ഈകേസിൽ റിമാൻഡിൽ കഴിയുന്ന നീതുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ തട്ടിപ്പു പുറത്തുവന്നത്.

കസ്റ്റഡയിൽ ചോദ്യം ചെയ്യുന്നതിനിടെ കാക്കയങ്ങാട് കണ്ടൻവീട്ടിൽ പി. എം ആര്യയെയും സഹോദരിയെയും മറ്റു പതിമൂന്ന് പേരെയും മോസ്‌കോയിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തുവെന്ന പരാതിയും പൊലിസിൽ ലഭിച്ചു. പാലാവയലിലെ യുവതിയുടെ പരാതിയിൽ കേസെടുത്ത ചിറ്റാരക്കാൽ പൊലിസ് പേരാവൂർ പൊലിസ് അറസ്റ്റു ചെയ്ത റിമാൻഡിൽ കഴിയുന്ന നീതുവിനെകോടതി മുഖാന്തിരം കസ്റ്റഡിയിൽ വാങ്ങും.