ആലപ്പുഴ: സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തെച്ചൊല്ലി സിപിഎമ്മിൽ ചേരിതിരിഞ്ഞ് പോര് മുറുകി. ആലപ്പുഴ ജില്ലയിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റിയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ലോക്കൽ സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധമുണ്ടന്ന് കാട്ടി 38 അംഗങ്ങളാണ് രാജി നൽകിയിരിക്കുന്നത്. ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്ഡിപിഐ നേതാവെന്നാണ് രാജിവച്ചവരുടെ പരാതി.

രാജിവച്ചവരിൽ 4 ബ്രാഞ്ച് സെക്രട്ടറിമാരും ഉണ്ടത്. സിപിഎം ജില്ലാ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഷീദ് മുഹമ്മദ് പകൽ സിപിഐഎം രാത്രി എസ്ഡിപിഐയെന്നാണ് രാജിവച്ചവരുടെ ആരോപണം. ഷീദ് മുഹമ്മദിന്റെ വാർഡിൽ ജയിച്ചത് എസ്ഡിപിഐ ആണ്. ഒത്തുകളിയെന്ന് രാജിവച്ചവർ പറയുന്നു.

സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കൽ സെക്രട്ടറി തയാറായില്ലെന്ന് ആരോപണമുണ്ട്. ലോക്കൽ സെക്രട്ടറി പകൽ സിപിഐഎമ്മും രാത്രി എസ്ഡിപിഐയുമെന്ന് രാജിവച്ചവർ ആരോപിക്കുന്നു. വർഗീയ വിരുദ്ധ സദസ്സുകളൊന്നും ലോക്കൽ സെക്രട്ടറി നടത്താത്തത് പാർട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കത്തിൽ പറയുന്നു. ജില്ലാ സെക്രട്ടറി ആർ. നാസറിനും നേരിട്ട് രാജിക്കത്ത് കൈമാറി. ലോക്കൽ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ പരാതി നൽകിയിരുന്നു. അന്നൊന്നും നടപടിയുണ്ടായില്ല. ഈ നിലയിൽ പാർട്ടിയിൽ തുടരാൻ കഴിയില്ല. എസ്ഡിപി.ഐക്ക് കുടപിടിക്കുന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് കീഴിൽ പ്രവർത്തിക്കാൻ സാധിക്കില്ല. ഉടൻ നടപടി, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തങ്ങളുടെ രാജി സ്വീകരിക്കണം എന്നാണ് കത്ത് നൽകിയവരുടെ ആവശ്യം.

ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനൊപ്പം പോപ്പുലർ ഫണ്ട് നേതാവ് നിൽക്കുന്ന ചിത്രം പുറത്തായതോടെ ആണ് പ്രതിഷേധം കനത്തത്. എബിവിപി പ്രവർത്തകർ വിശാൽ വധക്കേസിലെ രണ്ടാംപ്രതിയാണ് എൽ സി സെക്രട്ടറിയുടെ സുഹൃത്തായ പോപ്പുലർ ഫ്രണ്ട് നേതാവ്. ജില്ലാ സെക്രട്ടറിക്ക് നേരിട്ട് രാജിയും സംസ്ഥാന നേതൃത്വത്തിന് പരാതിയും വിട്ട് നിൽക്കുന്നവർ നൽകിയിട്ടുണ്ട്.

നേരത്തെ ആലപ്പുഴ ജില്ലയിൽ സിപിഎം -പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ വിജയിച്ച പല സീറ്റുകളിലും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നതെന്നാണ് ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചിരുന്നത്.