തിരുവല്ല: കഞ്ചാവ് വിൽപ്പന പൊലീസിന് ഒറ്റിക്കൊടുത്തതിന്റെ പേരിൽ കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവന്റെ നേതൃത്വത്തിൽ പരുമല തിക്കപ്പുഴയിൽ മാരകായുധങ്ങളുമായി വീടുകയറി ആക്രമണം. വിവരമറിഞ്ഞ് എത്തിയ പൊലീസിന് നേരെയടക്കം ഗുണ്ടാസംഘം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലക്കേസ് പ്രതിയായ ഗുണ്ടാ തലവൻ അടക്കം മൂന്ന് പേർ പുളിക്കീഴ് പൊലീസിന്റെ പിടിയിൽ. പ്രതികളെ കീഴ്പ്പെടുത്തതിനിടെ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു.

ഗുണ്ടാ തലവൻ ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ വീട്ടിൽ നിബിൻ ജോസഫ് (35), ഫാത്തിമാ പുരം അമ്പാട്ട് വീട്ടിൽ ആർ. കണ്ണൻ (27), ഫാത്തിമപുരം പുതുപ്പറമ്പിൽ വീട്ടിൽ അൻസൽ റഹ്മാൻ (25) പിടിയിലായത് . പുളിക്കീഴ് സ്റ്റേഷനിലെ സിപിഒമാരായ സന്ദീപ്, അനൂപ് എന്നിവർക്കാണ് പരുക്കേറ്റത്. സന്ദീപിന്റെ ഇടത് കൈവിരൽ ഒടിഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിക്കപ്പുഴ മലയിൽ തോപ്പിൽ വീട്ടിൽ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് പിടിയിലായത്. ഒന്നാം പ്രതി നിബിനെ സംഭവ സ്ഥലത്ത് തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് രണ്ട് പ്രതികളായ കണ്ണനും അൻസലും ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് പിടിയിലായത്. നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേർന്ന് മാന്നാർ, കടപ്ര ഭാഗത്ത് നടത്തിയിരുന്ന കഞ്ചാവ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ഒറ്റിയതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യയുമായി നിബിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യം ആണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയതിന്റെ പേരിൽ മൂന്നാഴ്ച മുമ്പ് രാത്രി 10 മണിയോടെ കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ആശിർവാദ് സിനിമാസിൽ സിനിമ കാണാൻ എത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യൻ എന്നിവരെ നിഷാദും ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനും ചേർന്ന് തീയറ്ററിന്റെ പാർക്കിങ് ഏരിയയിൽ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പിടിയിലായ ഇരുവരും റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും ഗുണ്ടാ തലവനുമായ നിബിൻ ജോസഫും സംഘവും ചേർന്ന് ജയസൂര്യയെ വീട് കയറി ആക്രമിച്ചത്.

2016 ൽ ചങ്ങനാശ്ശേരി സ്വദേശിയായ റിട്ട. അദ്ധ്യാപികയെ സംഘം ചേർന്ന് നടത്തിയ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിബിൻ ജോസഫ്. കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിബിനും കേസിലെ രണ്ടാംപ്രതി കണ്ണനും എതിരെ വധശ്രമം, വീട് കയറി ആക്രമണം, പിടിച്ചു പറി, അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.